തിരുവനന്തപുരം > പൗരത്വഭേദഗതി നിയമത്തിനെതിരെ ചില സംഘടനകൾ  പ്രത്യേകമായി ഹർത്താലിന്‌ ആഹ്വാനം നൽകിയത്‌  ജനകീയ യോജിപ്പിനെ സഹായിക്കില്ലെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ പറഞ്ഞു. ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിയുടെ കെണിയിൽപ്പെടുന്നതിന്‌ തുല്യമാണിത്‌.  കേരളത്തിൽ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ തിങ്കളാഴ്‌ച നടക്കുന്ന യോജിച്ച പ്രതിഷേധം രാജ്യത്തിനാകെ  മാതൃകയാണ്‌. അതിവിശാലമായ ജനകീയപ്രസ്ഥാനം കെട്ടിപ്പടുക്കുന്ന സാഹചര്യത്തിൽ  യോജിപ്പിന്‌ താൽപ്പര്യമുള്ളവർ, ഇത്തരം ഒറ്റപ്പെട്ട നീക്കങ്ങളിൽനിന്ന്‌ പിന്തിരിയണമെന്നും സിപിഐ എം അഭ്യർഥിച്ചു.  പൗരത്വഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും മതനിരപേക്ഷതയ്‌ക്ക്‌ ആഘാതമേൽപ്പിക്കുന്നതാണ്‌.  ഭരണഘടനയുടെ അന്തഃസത്തയുടെ നിഷേധമാണിത്‌.  കടുത്ത വർഗീയവിഭജനമാണ്‌ ലക്ഷ്യം. അതുവഴി രാഷ്ട്രീയ നേട്ടമുണ്ടാക്കാമെന്ന ആർഎസ്‌എസ്‌ -–-ബിജെപി വർഗീയ കണക്കുകൂട്ടൽ മതേതര ജനാധിപത്യ ഇന്ത്യയെ ഇല്ലാതാക്കും. വിശാലമായ ജനകീയ ഐക്യം കെട്ടിപ്പടുത്ത്‌ ഈ അപകടത്തെ നേരിടണം. അഖിലേന്ത്യാതലത്തിൽ അതിനുള്ള ശ്രമം നടക്കുകയാണ്‌. 19-ന്‌ അഖിലേന്ത്യാ പ്രതിഷേധദിനമായി ആചരിക്കാൻ ഇടതുപക്ഷ പാർടികൾ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌.  മോഡി–-അമിത്‌ ഷാ കൂട്ടുകെട്ടിന്റെ വിധ്വംസകരാഷ്ട്രീയ നീക്കങ്ങൾക്കെതിരെ എല്ലാവരും അണിനിരക്കണമെന്നും സെക്രട്ടറിയറ്റ്‌ അഭ്യർഥിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here