കോട്ടയം > രാജ്യം മുഴുവന്‍ കോവിഡ് ഭീഷണിയെ നേരിടാന്‍ സജ്ജമാകുമ്ബോള്‍ ഭീതിയോടെ മേല്‍വിലാസക്കാരനെത്തേടി നടക്കുകയാണ് പോസ്റ്റുമാന്‍മാര്‍. തപാല്‍ ഉരുപ്പടികള്‍ കൈമാറുന്നവര്‍ സ്വയം സംരക്ഷിക്കാനാണ് തപാല്‍ വകുപ്പ് നിര്‍ദേശം. രോഗഭീതിയില്‍ പല ഫ്ളാറ്റുകളിലും അപ്പാര്‍ട്ട്മെന്റുകളിലും പോസ്റ്റ്മാന്‍മാര്‍ക്ക് പ്രവേശനം നിഷേധിക്കുകയാണ്. ഇന്ത്യയില്‍ ഒന്നേകാല്‍ ലക്ഷം പോസ്റ്റോഫീസുകളും നാലര ലക്ഷം ജീവനക്കാരുമുണ്ട്. ഇതില്‍ രണ്ടുലക്ഷത്തിനടുത്ത് പോസ്റ്റ്മാന്‍മാര്‍ക്കാണ് ഈ ദുര്‍ഗതി. ‘‘മേല്‍വിലാസക്കാരന്‍ കൊറോണ നീരീക്ഷണത്തിലാണോയെന്ന് ഞങ്ങള്‍ എങ്ങനെ അറിയാനാണ്? രജിസ്റ്റര്‍ ഒപ്പിട്ടുവാങ്ങുന്ന എത്രപേരെ വിശ്വസിച്ച്‌ തപാല്‍ ഉരുപ്പടി കൈമാറും’’ കോട്ടയത്തെ പോസ്റ്റുമാന്‍മാര്‍ ആശങ്കയോടെ ചോദിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നടക്കംവരുന്ന തപാല്‍ ഉരുപ്പടികള്‍ രോഗഭീതിയില്‍ നിഷേധിക്കുന്ന സംഭവങ്ങളുമുണ്ട്.

സംസ്ഥാനത്ത് അധികം തപാല്‍ ഓഫീസുകളും കുടുസു മുറികളിലാണ് പ്രവര്‍ത്തിക്കുന്നത്. മിക്കയിടങ്ങളും ഒരുമീറ്റര്‍ അകലംപോലും പാലിക്കാനാവാത്ത സ്ഥിതിയുണ്ട്. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് ജനറല്‍ സെക്രട്ടറി പ്രധാനമന്ത്രിക്ക് ഇമെയില്‍ അയച്ചു. ഓള്‍ ഇന്ത്യ പോസ്റ്റല്‍ എംപ്ലോയീസ് യൂണിയനും ഇതേ ആവശ്യമുന്നയിച്ച്‌ മെയില്‍ അയച്ചിട്ടുണ്ട്. രജിസ്റ്റേഡ് പോസ്റ്റുകള്‍ക്ക് കൈമാറ്റ രസീത് ഒപ്പിട്ടുവാങ്ങേണ്ടത് നിര്‍ബന്ധമാണ്. വിലാസക്കാരന്റെ കയ്യില്‍ പേന നല്‍കേണ്ടന്നു മാത്രമാണ് പോസ്റ്റുമാന്‍മാര്‍ക്ക് കിട്ടിയിട്ടുള്ള ‘മുന്‍ കരുതല്‍’. വിപണിയില്‍ സാനിറ്റൈസറിനും മാസ്കിനും ക്ഷാമം നേരിടുന്നതിനാല്‍ ഇവര്‍ക്ക് കയ്യില്‍ കൊണ്ടുനടക്കാന്‍ പോലും ഇവ കിട്ടുന്നില്ല. ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്കിന്റെ ‘ മഹാലിങ്കിങ് ’ തുടരാന്‍ ഉന്നതതല സമ്മര്‍ദവുമുണ്ട്. ഡിജിറ്റല്‍ ബാങ്കിങ് ആണെങ്കിലും ഒന്നുകില്‍ പോസ്റ്റുമാന്‍ ആളുകളെ സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ വലിയതോതില്‍ ഉപഭോക്താക്കളെ പോസ്റ്റോഫീലേക്ക് വരുത്തുകയോ ചെയ്യണം. മാര്‍ച്ചില്‍ തന്നെ നിശ്ചിത ടാര്‍ജറ്റ് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here