മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് അടച്ചിട്ട തിരുവല്ല ബധിര വിദ്യാലയം വീണ്ടും തുറന്നു.

തിരുവല്ല; മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് താത്ക്കാലികമായി അടച്ച തുകലശ്ശേരി സിഎസ്‌ഐ വൊക്കേഷണല്‍ ബധിര വിദ്യാലയം ഇന്ന് തുറന്നു. വിദ്യാര്‍ത്ഥികള്‍ക്കും ഹോസ്റ്റല്‍ വാര്‍ഡനും മഞ്ഞപ്പിത്തം ബാധിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് തുടര്‍നടപടികളുമായി രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്നാണ് താത്ക്കാലികമായി സ്കൂള്‍ അടക്കാന്‍ ഉത്തരവിട്ടത്.

40 വിദ്യാര്‍ത്ഥികളാണ് മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഈ സ്‌കൂളിലെ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ഹോസ്റ്റലില്‍ നിന്ന് പഠിക്കുന്നവരാണ്.ക്രിസ്മസ് അവധിക്ക് മുമ്പ് സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യം മഞ്ഞപ്പിത്ത ബാധയുണ്ടായിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്‌കൂളിലെത്തി സാമ്പിളുകള്‍ പരിശോധിച്ചിരുന്നുവെങ്കിലും മഞ്ഞപ്പിത്തത്തിന് കാരണമാകുന്ന രോഗാണുവിന്റെ സാന്നിധ്യം സ്‌കൂളിലോ ഹോസ്റ്റലിലോ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് 20ന് ഹോസ്റ്റല്‍ അടച്ചശേഷം വീടുകളിലെത്തിയവരാണ് രോഗം ബാധിച്ചവരില്‍ ഭൂരിഭാഗവും.

കോട്ടയം, ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ 4 പേര്‍ വീതവും തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാളും ചികിത്സ തേടി.ഒക്ടോബര്‍ അവസാനം ഒറ്റപ്പാലത്തു നടന്ന സംസ്ഥാന ബധിര സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്തു തിരിച്ചുവന്നശേഷം ഒരു കുട്ടിക്ക് മഞ്ഞപ്പിത്തം വന്നിരുന്നു. ഈ കുട്ടിക്ക് ഹെപ്പറ്റെറ്റിസ്- എ ആണെന്ന് ഒക്ടോബര്‍ 28ന് സ്ഥിരീകരിച്ചിരുന്നു. ഇതിനുശേഷം ഒരു മാസം കഴിഞ്ഞ് 2 കുട്ടികള്‍ക്കു കൂടി രോഗലക്ഷണം കണ്ടതോടെ പ്രതിരോധത്തിനുള്ള ഹോമിയോ മരുന്ന് എല്ലാവര്‍ക്കും നല്‍കിയതായി പ്രിന്‍സിപ്പല്‍ ചാണ്ടി ഏബ്രഹാം പറഞ്ഞു. 20നു ഹോസ്റ്റല്‍ അടച്ച് അവധിക്കു വീട്ടില്‍ പോയശേഷമാണ് ഹോസ്റ്റല്‍ വാര്‍ഡന്‍ അടക്കം 31 പേര്‍ക്ക് രോഗലക്ഷണം കണ്ടത്.ഡപ്യൂട്ടി ഡിഎംഒ ഡോ.സി.എസ്.നന്ദിനിയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് സ്‌കൂളില്‍ പരിശോധന നടത്തി. ഇന്ന് സ്‌കൂള്‍ തുറന്നശേഷം ശുചീകരണം, പരിശോധന, ബോധവത്കരണം എന്നിവ നടത്തും. പ്രീപ്രൈമറി മുതല്‍ പ്ലസ് ടു വരെ 161 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇതില്‍ 140 പേര്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നവരാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് അഞ്ചംഗ സംഘം വെള്ളിയാഴ്ച വിദ്യാലയം സന്ദര്‍ശിക്കുകയും ജനുവരി ആറാം തീയതി മുതല്‍ സ്കൂള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കുകയും ചെയ്തു. പുഷ്പഗിരി മെഡിക്കല്‍ കോളജ്, ബിലീവേഴ്സ് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ മെഡിക്കല്‍ സംഘവും വിദ്യാലയം സന്ദര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here